Home BIZ NEWS വ്യവസായ സൗഹൃദം അഥവാ ഇടിച്ചു പിഴിയല്‍ !

വ്യവസായ സൗഹൃദം അഥവാ ഇടിച്ചു പിഴിയല്‍ !

394
0

V M RADHAKRISHNAN

നിക്ഷേപ സൗഹൃദ സംസ്ഥാനം… കേരളത്തെ കുറിച്ച് കേട്ടുതഴമ്പിച്ച വാക്കുകളാണിത്. കേള്‍ക്കുമ്പോള്‍ ഉള്‍പുളകവും രോമാഞ്ചവുമൊക്കെ തോന്നിയേക്കാം, നല്ലത്. ടൂറിസം മേഖലകളിലും നഗരങ്ങളിലുമുള്ള ബാര്‍ ഹോട്ടലുകള്‍, ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, ജ്വല്ലറികള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, ചിട്ടി കമ്പനികള്‍, ക്വാറി-ക്രഷര്‍ മേഖല, റിയല്‍ എസ്റ്റേറ്റ്, ഇലക്ട്രോണിക്സ് ഷോപ്പുകള്‍, ഓട്ടോമൊബൈല്‍, മൊബൈല്‍ ഷോറൂമുകള്‍, ആശുപത്രികള്‍, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍പ്പിട സമുച്ചയ നിര്‍മാണം, ബഹുനില വാണിജ്യ കെട്ടിട നിര്‍മാണം, ഗൃഹ നിര്‍മാണം, വാര്‍ത്ത-വിനോദം-മതപ്രചാരണ ചാനലുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയൊക്കെയാണ് ഒരു സാധാരണക്കാരന്റെ നോട്ടത്തില്‍ ഇവിടത്തെ ലാഭകരമായ ബിസിനസുകള്‍. ദിനംപ്രതി എണ്ണം കൂടി വരുന്നതിനാലും നാടൊട്ടുക്ക് ഇവയുടെ പരസ്യ ബോര്‍ഡുകളോ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളോ കാണുന്നതിനാലുമാണ് മേല്‍പ്പറഞ്ഞവയൊക്കെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന മേഖലകളാണെന്ന ചിന്ത സാധാരണക്കാരില്‍ ഉണ്ടാകുന്നത്. ഇതിനെ വിലയിരുത്തി സംസ്ഥാനത്തിന്റെ വ്യാപാര-വ്യാവസായിക അന്തരീക്ഷം നിക്ഷേപ സൗഹൃദമെന്ന് വിലയിരുത്താനാകുമോ എന്നതാണ് ചോദ്യം.

സംസ്ഥാനത്തെ നിക്ഷേപകരില്‍ ഭൂരിഭാഗവും മേല്‍പ്പറഞ്ഞ രംഗങ്ങളിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നത്. ഉല്‍പ്പാദനത്തില്‍ അധിഷ്ഠിതമായ ഫാക്ടറികളൊന്നും വളര്‍ന്നു പന്തലിക്കുന്നത് ഇവിടെ കാണാനില്ല. അതിനിടയില്‍ ഐ.ടി. പാര്‍ക്കുകളെ മുന്‍നിര്‍ത്തി വ്യാവസായിക വികസന നേട്ടം നിരത്തുന്നവരുണ്ട്. എന്തായാലും ഏതൊരു സംരംഭവുമായും രംഗത്ത് വരുന്ന നിക്ഷേപകന്റെ പൊതുസ്ഥിതി ഒന്ന് വിലയിരുത്തുകയാണിവിടെ.

പ്രവാസി നായക കഥാപാത്രമായ മോഹന്‍ലാല്‍ നാട്ടിലെത്തി ഒരു റൂട്ട് ബസ് വാങ്ങി പുലിവാലു പിടിച്ച ‘വരവേല്‍പ്പ്’ അത്രയെളുപ്പം മലയാളികളുടെ മനസില്‍നിന്ന് പോകില്ല. ഇപ്പോഴത്തെ സ്ഥിതി അന്നത്തേതുപോലെയല്ലെന്ന് പറയാന്‍ ഏതെങ്കിലും ബസ് വ്യവസായി തയ്യാറാകുമോ? വാഹനം വാങ്ങുമ്പോള്‍ തുടങ്ങി റോഡില്‍ ഇറക്കുന്നത് വരെയും തുടര്‍ന്നുമുള്ള നികുതികള്‍ കുറച്ചൊന്നുമല്ല. വായ്പയിന്‍മേലുള്ള പലിശ നിശ്ചയിക്കുന്നത്, റൂട്ട് നിശ്ചയിക്കുന്നത്, സമയം നിശ്ചയിക്കുന്നത്, നിശ്ചിത ദൂരം ഓടാനെടുക്കേണ്ട സമയം തീരുമാനിക്കുന്നത്, യാത്രാനിരക്ക്, ഡീസല്‍ വില, വാഹനത്തിന്റെ ആയുസ് ഒക്കെ തീരുമാനിക്കുക സര്‍ക്കാരാണ്. വാഹനത്തില്‍ നിയമിക്കപ്പെടുന്ന ജീവനക്കാരുടെ വേതനവും സര്‍ക്കാര്‍ പറയും പ്രകാരമാണ്. റൂട്ട് പെര്‍മിറ്റിന് ഉള്‍പ്പടെ ലക്ഷങ്ങള്‍ മുടക്കിയ നിക്ഷേപകന് എന്ത് അധികാരവും അവകാശവുമാണ് ബാക്കിയുള്ളതെന്ന് ആരും ചിന്തിക്കാറില്ല.

ജനങ്ങള്‍ക്കു വേണ്ടിയാണ് പൊതുഗതാഗതം നിയന്ത്രിക്കുന്നതെന്നാണ് ഇതിന്റെ മറുവശം പറയാവുന്നത്. ജനക്ഷേമം ആണ് ലക്ഷ്യമെങ്കില്‍ സര്‍ക്കാര്‍ മാത്രം പൊതുഗതാഗത രംഗത്തുണ്ടായാല്‍ പോരെ. സര്‍ക്കാര്‍ സംവിധാനം ജനഹിതമനുസരിച്ച് സൗജന്യമായോ സബ്സിഡി നിരക്കിലോ ഓടിക്കാമല്ലോ. താല്‍പ്പര്യം ഉള്ളവര്‍ സ്വകാര്യ സംവിധാനം ഉപയോഗിക്കട്ടെ. അവര്‍ തമ്മില്‍ മത്സരിച്ച് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കട്ടെ. അത് നിഷേധിക്കുന്നത് എന്തിനാണ്? സ്ഥിരമായി നിശ്ചിത സമയങ്ങളില്‍ യാത്ര ചെയ്യുന്നവരൊക്കെ അത്തരം ഒരു സംവിധാനം എപ്പോഴും സ്വാഗതം ചെയ്യാനെ വഴിയുള്ളു.

ഗൃഹനിര്‍മാണ മേഖലയിലേക്ക് വന്നാല്‍ സ്വന്തമായൊരു വീട് വെക്കാന്‍ വാങ്ങുന്ന സാധനങ്ങള്‍ക്കെല്ലാം നികുതി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. അതെല്ലാം കഴിഞ്ഞാലും വീടു വെച്ചവന്റെ കൈയ്യില്‍നിന്നും ഒറ്റത്തവണ നികുതി വേറെ. വര്‍ഷാവര്‍ഷം തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടനികുതി നിര്‍ബന്ധം. പണം നല്‍കി വാങ്ങിയ ഭൂമിക്ക് സര്‍ക്കാരിലേക്ക് രജിസ്ട്രേഷന്‍ ഫീസും സ്റ്റാമ്പ് പേപ്പര്‍ നിരക്കിലും നല്ലൊരു തുക ഒടുക്കിയിട്ടും ഭൂനികുതി നല്‍കണം. ഇപ്പോള്‍ മുന്‍കാല പ്രാബല്യത്തോടെ വരെ നികുതി വര്‍ധന നടപ്പാക്കുന്ന പതിവും തുടങ്ങി. ഇതിനെല്ലാം പുറമേയാണ് കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള ഫണ്ട് പിരിവ്.

അതിഥി തൊഴിലാളികളാണിപ്പോള്‍ കേരളത്തിലെ നിര്‍മാണമേഖലയില്‍ കൂടുതലായി കണ്ടുവരുന്നത്. കൃത്യമായ കണക്കോ രജിസ്ട്രേഷനോ ഇല്ലാതെ ചില ഇടനിലക്കാര്‍ വഴി സംസ്ഥാനത്തെത്തി പണിയെടുത്ത് പോകുന്ന അതിഥിതൊഴിലാളികള്‍ക്ക് വേണ്ടിയല്ല ഇവിടുത്തെ ക്ഷേമനിധി പിരിവെന്ന് വ്യക്തം. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ അവരുടെ ഇഷ്ടക്കാരെയും രാഷ്ട്രീയക്കാരെയുമൊക്കെ ചെല്ലും ചെലവും നല്‍കി കൂടെ നിര്‍ത്താന്‍ തിരുകി കയറ്റുന്ന സ്ഥാപനങ്ങളാണ് ഇത്തരം ബോര്‍ഡുകളും കോര്‍പ്പറേഷനുകളും. അവിടെ നിയമിതരാകുന്നവരുടെ ചെലവുകളൊക്കെ നടന്നുപോകാന്‍ വീടുവെക്കുന്നവന്റെയും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവന്റെയും പോക്കറ്റില്‍നിന്നാണ് പിടിച്ചുപറി.

സ്വന്തമായി ഒരു കൂര പണിയാന്‍ സ്ഥലമില്ലാത്തവരും നഗരങ്ങളില്‍ സ്ഥലം വാങ്ങാന്‍ കഴിവില്ലാത്തവരും സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമൊക്കെ ആശ്രയിക്കുന്നത് ഫ്‌ളാറ്റുകളെയാണ്. സ്വന്തമായി വീടു നിര്‍മിക്കുന്നവനും പാര്‍പ്പിട സമുച്ചയത്തില്‍ വീട് വാങ്ങുന്നവനും വ്യത്യസ്ത/വിവേചനപരമായ നികുതികളാണ്. വീട് വെക്കുന്നവന്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് വാങ്ങുന്നു. തുടര്‍ന്ന് ഒറ്റത്തവണ നികുതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിട നികുതി, കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി സെസ് എന്നിവ നല്‍കുമ്പോള്‍ പാര്‍പ്പിട സമുച്ചയത്തില്‍ വീട് വാങ്ങുന്നതിന് ഫ്‌ളാറ്റിന് ആനുപാതികമായ ഭൂമിക്ക്, കെട്ടിടത്തിന് എല്ലാം സ്റ്റാമ്പ് ഡ്യൂട്ടിയും രെജിസ്ട്രേഷന്‍ ചാര്‍ജ്ജും നല്‍കണം. മറ്റ് നികുതികള്‍ പുറമേ. പാര്‍ക്കുന്നവരുടെ എണ്ണത്തിന് അനുസരിച്ച് എസ്.ടി.പി., ഫയര്‍ സംവിധാനങ്ങള്‍ ഒരുക്കണം. മാലിന്യങ്ങള്‍ സ്വയം സംസ്‌കരിക്കണം. ഒറ്റക്കുള്ള വീട്ടുകാരനില്‍നിന്നും കെട്ടിടസമുച്ചയത്തിന്റെ വീട്ടുടമയില്‍നിന്നും ഒരേ തരത്തിലുള്ള കെട്ടിടനികുതി ഈടാക്കുമ്പോഴാണ് ഈ വിവേചനം.

ബഹുനില കെട്ടിടങ്ങളില്‍ ഫയര്‍ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിഷ്‌കര്‍ഷയുണ്ട്. ഫയര്‍ഫോഴ്സില്‍ ആധുനിക യന്ത്രസംവിധാനങ്ങളും ഉപകരണങ്ങളും കൊണ്ടുവന്ന് എവിടേയും എപ്പോഴും അഗ്‌നി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സേനയെ സജ്ജമാക്കുന്നതിന് പകരം പാര്‍പ്പിട സമുച്ചയക്കാരന്‍ ഫയര്‍ഫോഴ്സിന്റെ വാഹനം സ്വതന്ത്രമായി സഞ്ചരിക്കാന്‍ കെട്ടിടത്തിന് ചുറ്റും വഴിയൊരുക്കണമെന്നാണ് ഇവിടത്തെ നിയമം. സംസ്ഥാനത്തിന് പുറത്തെ നഗരങ്ങളില്‍ തൊട്ടുരമ്മി നില്‍ക്കുന്ന അംബരചുംബികളെ കാണുമ്പോഴാണ് ഇവിടത്തെ വിവേചനം മനസിലാവുക.

സ്വന്തം പേരില്‍ ഒരു തുണ്ട് ഭൂമി ജീവിത സ്വപ്നമായി കാണാത്തവരില്ല. അങ്ങനെ ആശിച്ചുവാങ്ങിയ ഭൂമിക്ക് വിപണിവില കുറച്ചുകാട്ടിയതായി പറഞ്ഞ് നോട്ടീസ് വരാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല. സര്‍ക്കാര്‍ നടപടികള്‍ ഭയന്ന് സാധാരണക്കാരന്‍ പറഞ്ഞ തുക അടയ്ക്കാന്‍ തയ്യാറാകും. അല്ലെങ്കില്‍ അപ്പീലിനു പോകണം. അപ്പീല്‍ നല്‍കണമെങ്കില്‍ നിശ്ചിത ശതമാനം തുക ആദ്യം ഒടുക്കണം. കിട്ടാനുള്ളതിന്റെ പത്തിരട്ടി വരെ വര്‍ധിപ്പിച്ച് കാണിച്ച് അയക്കുന്ന നോട്ടീസിന് നിശ്ചിത ശതമാനം അടക്കുമ്പോള്‍ തന്നെ ഭൂവുടമയുടെ പോക്കറ്റ് കാലി.

ഇനി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമെടുക്കാം. ഭൂമിയും കെട്ടിടവും അനുബന്ധ സൗകര്യങ്ങളും സ്വന്തം മുതല്‍മുടക്കില്‍ ഒരുക്കുന്നവര്‍ക്ക്, അവിടെ നിയമിതരാകുന്നവര്‍ക്ക് നല്‍കേണ്ട ശമ്പളവും വിദ്യാര്‍ഥികളില്‍നിന്നും വാങ്ങേണ്ട ഫീസും സ്വയം നിശ്ചയിക്കാന്‍ അവകാശമില്ല. ഇത് രണ്ടും സര്‍ക്കാര്‍ തീരുമാനിക്കും. ആരെ ചേര്‍ക്കണമെന്നത് പോലും സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമേ കഴിയൂ. പ്രവേശനമാര്‍ക്കും ജാതിമത സംവരണങ്ങളും സര്‍ക്കാര്‍ നിശ്ചയിക്കും. ജനക്ഷേമമാണെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബി.പി.എല്ലുകാര്‍ക്കായി നീക്കിവെച്ചുകൂടെ. അവശേഷിക്കുന്ന സീറ്റുകളിലേക്ക് എ.പി.എല്‍. വിഭാഗത്തില്‍നിന്ന് മാര്‍ക്ക് അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കൂ. സ്വകാര്യ മേഖലകള്‍ മത്സരിച്ച് വിദ്യാര്‍ഥികളെ സമ്പാദിക്കട്ടെ. അവര്‍ക്കിടയിലെ മത്സരം വഴി മികച്ച വിദ്യാലയങ്ങളും അന്തരീക്ഷവും പഠനവും നടക്കട്ടെ.

എയ്ഡഡ് സ്‌കൂളുകള്‍ മാത്രമാണ് ഇതിന് അപവാദം. അവിടെ അധ്യാപകരെ നിയമിക്കാനുള്ള മാനേജ്മെന്റിന്റെ അധികാരത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകളൊന്നും കൈകടത്തിയിട്ടില്ല. അവര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. ഇതിന്റെ പിന്നാമ്പുറങ്ങളിലേക്കൊന്നും ഇപ്പോള്‍ പോകുന്നില്ല.

ഇനിയൊരു സാധാരണ വ്യാപാര സ്ഥാപനമെടുക്കാം. അവിടെ ചുമട് ആര് ഇറക്കണം, എത്ര കൂലി നല്‍കണം എന്നതൊക്കെ സര്‍ക്കാര്‍ നിശ്ചയിക്കും. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്ന വെള്ളാനയെ നിലനിര്‍ത്താന്‍ നികുതി വേറെ. ജീവിതമാര്‍ഗമെന്ന നിലയില്‍ ആരംഭിച്ച സ്ഥാപനത്തില്‍ കരുണ തോന്നി ജോലി നല്‍കിയ ജീവനക്കാരുടെ തെറ്റിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങിയാല്‍ എന്താകും പുകില്. രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ നേതാക്കളുടെ അതൃപ്തിക്ക് ഇടയായാല്‍ പിന്നെ എത്ര മുതല്‍മുടക്കിയതായാലും പിന്നീടത് നിലനിന്നു കാണുക അസാധ്യമാണെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു.

കര്‍ഷകരുടെ താങ്ങുവിലയ്ക്ക് വേണ്ടി മുറവിളി കൂട്ടാന്‍ നൂറായിരം ആളുകളും രാഷ്ട്രീയക്കാരും സംഘടനകളുമൊക്കെയുണ്ട്. ഏതെങ്കിലും ഒരു വ്യാപാരിയുടെ/വ്യവസായിയുടെ കച്ചവടം പൂട്ടിപ്പോയാല്‍ എന്ത് താങ്ങാണ് ലഭിക്കുന്നത്. കാര്‍ഷികമേഖലയ്ക്ക് പലിശ ഇളവ് അനുവദിക്കുമ്പോള്‍ വ്യാപാരിക്ക് അതില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. കര്‍ഷകര്‍ക്ക് താങ്ങും തണലുമായി പലവിധ സംരക്ഷണങ്ങള്‍ പ്രഖ്യാപനത്തിലെങ്കിലുമുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന വ്യാപാരമേഖലയുടെ കാര്യത്തില്‍ എന്താണ് അവകാശപ്പെടാനുള്ളത്. ചില കച്ചവട സ്ഥാപനങ്ങള്‍ വില വര്‍ധിപ്പിച്ച് ഡിസ്‌കൗണ്ട് സെയില്‍ പ്രഖ്യാപിക്കുന്നതുപോലുള്ള തട്ടിപ്പാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇടയ്ക്കിടെ അദാലത്തുകള്‍, അപ്പീലിനു പണം മുടക്കിയാല്‍ പിന്നെ കേസ് കൊണ്ടുനടക്കണം. ഓരോ ആവശ്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റിന് സമീപിക്കുമ്പോള്‍ ഇക്കാര്യം പറഞ്ഞുള്ള ഭീഷണി പുറമേ.

വ്യാപാരി വ്യവസായികളെ പിഴിയാനാണ് ഇവിടുത്തെ എല്ലാ വകുപ്പുകളും പ്രയത്നിക്കുന്നത്. ഒരു കൊച്ചു കച്ചവടം ആരംഭിക്കുന്നയാള്‍ പോലും തദ്ദേശ സ്വയംഭരണ സ്ഥാപനം തൊട്ട് വിരലിലെണ്ണാവുന്നതിനേക്കാള്‍ വകുപ്പുകളെ പേടിയോടെയാണ് നോക്കി കാണുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനം, ആരോഗ്യ വകുപ്പ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, വനം വകുപ്പ്, പോലീസ്, എക്സൈസ്, തൊഴില്‍, ഇ.എസ്.ഐ., പി.എഫ്., ആധാനനികുതി വകുപ്പ്, നികുതി വകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, അളവ് തൂക്ക വകുപ്പ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് തുടങ്ങി നിരവധി വകുപ്പുകളില്‍ ഒന്നിന്റെയോ എല്ലാറ്റിന്റെയോ ഭീഷണി നേരിടാതെ റെയ്ഡ് ഭയപ്പെടാതെ നടത്താവുന്ന ഏതെങ്കിലും വ്യാപാര/വ്യവസായം നമ്മുടെ നാട്ടിലുണ്ടോ? രാഷ്ട്രീയക്കാര്‍, വിവരാവകാശ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, അനധികൃത പിരിവ് തുടങ്ങിയ ഭീഷണികള്‍ പുറമെയാണ്. കൈയ്യും കാലും കെട്ടി വെള്ളത്തിലേക്കിട്ട് നീന്താനുള്ള നിര്‍ദേശം ലഭിച്ചവന്റെ അവസ്ഥയാണ് കേരളത്തിലെ വ്യാപാരിക്ക്.

മേല്‍പ്പറഞ്ഞ വ്യാപാര വ്യവസായ രംഗത്തെ സാധാരണക്കാരുടെ പ്രശ്നങ്ങളൊന്നും സമ്പന്ന പ്രവാസികളുടെയും കോര്‍പ്പറേറ്റുകളുടെയും കാര്യത്തില്‍ ബാധകമല്ലെന്നാണ് രസകരമായ മറ്റൊരു വസ്തുത. രാഷ്ട്രീയ-ഭരണകൂട-ഉദ്യോഗസ്ഥ മാധ്യമ ലോബികള്‍ അവര്‍ക്ക് പിന്തുണയുമായുണ്ട്. ഉപജീവനത്തിനിറങ്ങുന്ന ഇടത്തരക്കാരെ ചക്രശ്വാസം മുട്ടിക്കുന്ന വകുപ്പുകളുടെയും നിയമങ്ങളുടെയും നൂലാമാലകളൊന്നും അത്തരം ഭീമന്‍മാരെ വരിഞ്ഞുമുറുക്കാന്‍ പര്യാപ്തമല്ല. വ്യാപാരികളെയും വ്യവസായികളെയും നികൃഷ്ടമായി സമീപിക്കുന്ന സര്‍ക്കാരും പൊതുജന സമൂഹവും ഒരുപക്ഷേ കേരളത്തില്‍ മാത്രമാകും ഉണ്ടാകുക. ഇത്രയധികം പലിശ, നികുതികള്‍ നല്‍കുന്ന മറ്റൊരു വിഭാഗം നമ്മുടെ രാജ്യത്തുണ്ടോ? ഇവരോടുള്ള സര്‍ക്കാരുകളുടെ, പൊതുസമൂഹത്തിന്റെ നിലപാട് എന്താണ്? ഇത്രയധികം നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയരാകുന്ന മറ്റൊരു കൂട്ടര്‍ ഇന്ത്യയിലുണ്ടോ?

ഇന്ത്യയില്‍ അല്ലാതെ ലോകത്തെവിടെയെങ്കിലും വരുമാനത്തിനുവേണ്ടി മദ്യം സംഭരിക്കുന്നതും വില്‍ക്കുന്നതും ലോട്ടറി പോലുള്ള ചൂതാട്ടത്തെ ആശ്രയിക്കുന്നതും കേട്ടിട്ടുണ്ടോ ? സര്‍ക്കാരിന്റെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ് മദ്യനികുതി. പണം മുടക്കി കുടിക്കുന്നവര്‍ എന്ത് കുടിക്കണമെന്നും അതിന്റെ വില എത്രയെന്നും എവിടെ എത്ര മണി വരെ അത് കുടിക്കാമെന്നതുമൊക്കെ തീരുമാനിക്കുന്നതുവരെ സര്‍ക്കാരാണ്.

വാല്‍ക്കഷ്ണം:

സാമ്പത്തിക സമത്വം എന്നൊക്കെ കേരളത്തിലെ പ്രസ്ഥാനങ്ങള്‍ കരുതുന്നത് ദാരിദ്ര്യം തുല്യമായി പങ്കുവെക്കുക എന്നാണെന്ന് തോന്നുന്നു. അവരുടെ പ്രവര്‍ത്തനം പൊതുബോധത്തില്‍ മനസിലാക്കി തരുന്നത് അതാണ്. ദാരിദ്ര്യം നിലനിന്നാലല്ലേ വോട്ടുബാങ്കുകളും നിലനില്‍ക്കുകയുള്ളു.

(സൂര്യാ ഗ്രൂപ്പിന്റെ ചെയര്‍മാനും പ്രമുഖ ബിസിനസുകാരനുമാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here