Home ENTERTAINMENT മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വ്ളോഗര്‍

മലയാളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വ്ളോഗര്‍

54
0

സമൂഹത്തിന്റെ എത്ര നടുവിലേക്ക് കയറിനിന്നിട്ടും അവരെന്നും ഒറ്റപ്പെടലിന്റെ പാതയിലായിരുന്നു. അവഗണിക്കും തോറും അവര്‍ മുന്‍നിരയിലേക്ക് വരാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ കൊടിയ യാതനകളും അവഗണനകളും സഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുവന്ന ആദ്യ വ്ളോഗര്‍ ഹെയ്ദി സാദിയയെ പരിചയപ്പെടാം.

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജേണലിസ്റ്റും കേരളത്തിലെ ആദ്യ യൂടുബ് വ്‌ളോഗറുമായ ട്രാന്‍സ് വ്യക്തിയാണ് ഹെയ്ദി സാദിയ. തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹെയ്ദി സാദിയ കൈരളി ടിവിയിലെ വാര്‍ത്താ അവതാരകയായിട്ടാണ് ജീവിതമാരംഭിച്ചത്.

ചാനലിന്റെ ആരംഭം

ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ള ആളുകളെ പ്രമോട്ട് ചെയ്യാനും അവരെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹെയ്ദി സാദിയ യൂടൂബ് ചാനല്‍ തുടങ്ങിയത്. മാധ്യമ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രോജക്ട് തന്റെ യൂടൂബിലൂടെ അപ്ലോഡ് ചെയ്യുകയും ആ വീഡിയോ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. കാഴ്ചക്കാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ സ്ഥിരമായി വീഡിയോ ഇടാന്‍ തുടങ്ങി.

ആദ്യ വരുമാനം

യൂടൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനം ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ ഉന്നമനത്തിനായിട്ടാണ് ഉപയോഗിക്കുന്നത്. ആദ്യമായി ലഭിച്ച വരുമാനം ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ സര്‍ജറിയുടെ ആവശ്യത്തിനു വേണ്ടിയാണ് ഹെയ്ദി സാദിയ വിനിയോഗിച്ചത്.
ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ അഭിമാനമേകിയ നിമിഷമാണ് യൂടൂബില്‍ രണ്ട് ലക്ഷവും, ഇന്‍സ്റ്റഗ്രാമില്‍ മുപ്പതിനായിരവും, ഫേസ്ബുക്കില്‍ മൂന്ന് ലക്ഷവും ഫോളോവേഴ്‌സിനെ ലഭിച്ചതെന്ന് ഹെയ്ദി സാദിയ പറഞ്ഞു.

വെല്ലുവിളികളും പ്രതിസന്ധികളും

” കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ പിന്തുണയില്ലാതെ സമൂഹത്തിലിറങ്ങി വ്‌ളോഗ് ചെയ്യുമ്പോള്‍ ഇന്നും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയെ അംഗീകരിക്കാന്‍ മടിയാണ്. ഹോര്‍മോണ്‍ എടുക്കുന്നത് കൊണ്ടുള്ള മൂഡ് സ്വിങ്ങ്‌സും സര്‍ജറിയുടെ പ്രശ്‌നങ്ങളും ശാരീരിക-മാനസിക പ്രശ്‌നങ്ങളും തരണം ചെയ്താണ് വ്ളോഗ് ചെയ്യുന്നത്. ചില വീഡിയോ അപ്ലോഡ് ചെയ്യുമ്പോള്‍ പ്രതീക്ഷീക്കാത്ത സന്ദര്‍ഭങ്ങളില്‍ ആള്‍ക്കാരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളതെന്ന്” ഹെയ്ദി സാദിയ പറയുന്നു.

ആദ്യമായി സില്‍വര്‍ ബട്ടണ്‍ കിട്ടിയത് ജീവിതത്തിലെ അഭിമാന നിമിഷമാണ്. മാധ്യമ പ്രവര്‍ത്തന മേഖലയിലേതു പോലെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്നതും വ്‌ളോഗറെന്ന നിലയില്‍ അഭിമാനമാണെന്ന് ഹെയ്ദി സാദിയ കൂട്ടിച്ചേര്‍ക്കുന്നു.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്ക് പഠിക്കാനുള്ള അവസരവും, വാസസ്ഥലമില്ലാത്ത അനാഥരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഗവണ്‍മെന്റ് സംരക്ഷിക്കണമെന്നതുമാണ് കമ്യൂണിറ്റിയോട് സമൂഹത്തിന് ചെയ്യാവുന്ന കാര്യം. അര്‍ഹിക്കുന്ന ജോലിയും, പണവുമില്ലാത്തതുമാണ് തുടര്‍ച്ചയായുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആത്മഹത്യകള്‍ക്ക് കാരണമെന്ന്് ഹെയ്ദി വ്യക്തമാക്കുന്നു.

ട്രാന്‍സ് കമ്യൂണിറ്റിക്ക് അംഗീകാരം

യൂടൂബില്‍ ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പച്ചയായ ജീവിതങ്ങള്‍ വീഡിയോയില്‍ കാണിച്ചു തുടങ്ങിയതോടെ സമൂഹത്തില്‍ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയോടുള്ള ജനങ്ങളുടെ മനോഭാവം മാറിത്തുടങ്ങിയെന്ന് പറയാം. ജോലി, വീട് എന്നിവയൊക്കെ ഇപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അംഗീകരിക്കാത്ത സമൂഹത്തെ കൈപിടിച്ചുയര്‍ത്താന്‍ ഒരു പരിധി വരെ യൂടൂബ് സഹായിച്ചിട്ടുണ്ടെന്നും ഹെയ്ദി സാദിയ പറയുന്നു.

യൂടൂബ് ചാനല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ട്രാന്‍സ് കമ്യൂണിറ്റിക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക, ഉന്നതവിദ്യാഭ്യാസം പൂര്‍ത്തീകരിക്കുക, ബുക്കുകള്‍ എഴുതുക, എന്നീവയൊക്കെയാണ് ഹെയ്ദി സാദിയയുടെ ഇനിയുള്ള ആഗ്രഹങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here