Home BIZ IDEAS പാരമ്പര്യത്തിന്റെ കരുത്തിലൊരു സംരംഭം

പാരമ്പര്യത്തിന്റെ കരുത്തിലൊരു സംരംഭം

319
0

തൊണ്ണൂറുകളുടെ തുടക്കത്തില്‍ തുടങ്ങിയ സംരംഭം. മലപ്പുറം സ്വദേശി കോയ ഈ സംരംഭം തുടങ്ങിവയ്ക്കുമ്പോള്‍ അടുത്ത തലമുറയിലേക്കു കൈമാറുമെന്നോ, മക്കള്‍ ഏറ്റെടുക്കുമെന്നോ യാതൊരു ധാരണയുമില്ലായിരുന്നു. എന്നാല്‍ കസ്റ്റമേഴ്‌സിന്റെ പ്രതികരണവും പിതാവ് നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ പെരുമയും തിരിച്ചറിഞ്ഞപ്പോള്‍ ആ മക്കള്‍ സംരംഭം ഏറ്റെടുത്തു കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു. അതാണ് സയോക് ബാറ്ററി. നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള ബാപ്പ തുടങ്ങിയ ബിസിനസിനെ കേരളത്തിലുടനീളം വ്യാപിപ്പിച്ച ആ മക്കള്‍ നൗഫല്‍ കെ. ടി, നസീഫ് കെ. ടി എന്നിവരാണ്. മുപ്പത് വര്‍ഷത്തിലധികമുള്ള പാരമ്പര്യത്തിന്റെ കരുത്തില്‍, സിഇഒ നൗഫലിന്റേയും സിഒഒ നസീഫിന്റെയും നേതൃത്വത്തില്‍, ബാറ്ററി നിര്‍മാണ വിതരണരംഗത്തു സയോക് ബാറ്ററി മുന്നേറുകയാണ്.

കസ്റ്റമേഴ്‌സിന്റെ വിശ്വാസം

മുപ്പതു വര്‍ഷത്തിലധികമായി ബാറ്ററി നിര്‍മാണ വിതരണരംഗത്തു സയോക് സാന്നിധ്യമുറപ്പിച്ചതിനു പിന്നില്‍ സ്ഥാപകന്‍ കോയയുടെ ഇച്ഛാശക്തിയും കഠിനാധ്വാനവും തന്നെയാണ്. ഉപ്പ തുടങ്ങിയ സംരംഭത്തില്‍ ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസം തിരിച്ചറിഞ്ഞപ്പോഴാണ് മക്കള്‍ ഈ രംഗത്തേക്കു വരുന്നതു തന്നെ. സൈക്യാട്രിസ്റ്റായ നൗഫല്‍ യാദൃച്ഛികമായാണു സയോകിന്റെ തലപ്പത്തെത്തുന്നത്. എല്ലാവര്‍ഷത്തിലും ഡീലേഴ്‌സിനെ നേരിട്ടു കാണുമായിരുന്നു. ഒരിക്കല്‍ ഉപ്പയ്ക്കു പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായപ്പോള്‍ നൗഫലും നസീഫുമാണ് പോയത്. അന്നാണ് ഉപ്പ തുടങ്ങിവച്ച സംരംഭത്തില്‍ പലരും അര്‍പ്പിക്കുന്ന വിശ്വാസവും, ഉല്‍പ്പന്നനിര്‍മാണത്തില്‍ സയോക് പുലര്‍ത്തുന്ന ഗുണനിലവാരവുമൊക്കെ തിരിച്ചറിഞ്ഞത്. ഇനിയും ബിസിനസിലേക്ക് ഇറങ്ങാതിരിക്കുന്നതു നീതിയല്ലെന്നു തിരിച്ചറിഞ്ഞപ്പോഴാണ് രണ്ടുപേരും സംരംഭം ഏറ്റെടുക്കുന്നത്. ബിബിഎം പഠനത്തിനുശേഷമാണു നസീഫ് നേതൃത്വം ഏറ്റെടുക്കുന്നത്.

ഗുണനിലവാരം പ്രധാനം

ആദ്യഘട്ടത്തില്‍ മലപ്പുറം മഞ്ചേരി ഭാഗത്തായിരുന്നു ഉല്‍പ്പാദന യൂണിറ്റ്. പിന്നീട് ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ട ഘട്ടമെത്തിയപ്പോള്‍ പാലക്കാട്ടേക്കു മാറ്റിസ്ഥാപിച്ചു. ഓട്ടോമോട്ടീവ് ബാറ്ററി, ഇന്‍വെര്‍ട്ടര്‍ ബാറ്ററി എന്നിവയാണു നിര്‍മിക്കുന്നത്. തുടക്കത്തില്‍ മലപ്പുറം ഭാഗത്തു മാത്രമായിരുന്നു വിപണനം. ആ മാര്‍ക്കറ്റ് കൃത്യമായി അറിയാവുന്നതു കൊണ്ടു തന്നെ മലപ്പുറത്ത് ഇപ്പോഴും നേരിട്ടു തന്നെയാണ് വിപണനം നടത്തുന്നത്. ബാക്കിയുള്ള ജില്ലകളില്‍ ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സി വഴിയാണ് വിപണനം. നസീഫ് പ്രൊഡക്ഷന്‍ വിഭാഗത്തിന്റേയും നൗഫല്‍ മാര്‍ക്കറ്റിങ് വിഭാഗത്തിന്റേയും നേതൃത്വം വഹിക്കുന്നു.

ഗുണനിലവാരം ഉറപ്പിക്കുന്നതിലാണ് എല്ലാകാലത്തും പ്രാധാന്യം നല്‍കിയിട്ടുള്ളത്. നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെല്ലാം ലാബില്‍ കൃത്യമായി പരിശോധിക്കും. ഓരോ ബാച്ച് മാര്‍ക്കറ്റിലേക്കു പോകുമ്പോഴും പ്രൊഡക്റ്റ് ഉന്നത ഗുണനിലവാരമുള്ളതു തന്നെയാണെന്നുറപ്പാക്കും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ച വരുത്തിയിട്ടില്ല. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു പോലും ഗുണനിലവാരത്തിനു ശേഷമുള്ള പ്രാധാന്യമേ ഇന്നേവരെ നല്‍കിയിട്ടുള്ളൂ. അതു തന്നെയാണ് സയോകിന്റെ വിജയരഹസ്യവും.

കോയക്കാന്റെ ബാറ്ററി

കൃത്യമായ സര്‍വീസാണ് സയോക്കിന്റെ മറ്റൊരു സവിശേഷത. അഞ്ചു വര്‍ഷത്തെ വാറന്റിയും ബാറ്ററികള്‍ക്കു നല്‍കുന്നു. മലപ്പുറം ജില്ലക്കാര്‍ക്ക് സയോക് ബാറ്ററിയോടൊരു വൈകാരിക ബന്ധമുണ്ട്. കോയാക്കാന്റെ ബാറ്ററി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നതു തന്നെ അതുകൊണ്ടാണ്. ചെറിയ രീതിയില്‍ തുടങ്ങി സമൃദ്ധമായ ഒരു തുടര്‍ച്ചയാണ് സയോക് രേഖപ്പെടുത്തുന്നത്. ഗുണനിലവാരത്തിലും സര്‍വീസിലുമൊക്കെ മികച്ചു നില്‍ക്കുന്നതുകൊണ്ടു തന്നെയാണ് സയോക് ബാറ്ററി ഒരു വിശ്വസ്ത സംരംഭമായി ഇക്കാലമത്രയും തുടര്‍ന്നതും മുന്നോട്ടുപോകുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here