Home BIZ IDEAS ആരാണ് സൈറസ് മിസ്ത്രി?

ആരാണ് സൈറസ് മിസ്ത്രി?

25
0

ടാറ്റ സണ്‍സിനെ നയിക്കാന്‍ ചെയര്‍മാനായി എത്തുന്നത് വരെ സൈറസ് മിസ്ത്രിയെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല, അദ്ദേഹം കുടുംബ ബിസിനസുകള്‍ മാത്രം നോക്കി നടത്തുകയായിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ തലവനായി, രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നിയമിതനായപ്പോള്‍ സൈറസ് മിസ്ത്രിയെ ലോകമറിഞ്ഞു. ടാറ്റാ കുടുംബത്തിന് പുറത്ത് നിന്ന് ഗ്രൂപ്പിന്റെ മേധാവിയാകാന്‍ എത്തുന്ന രണ്ടാമത്തെ വ്യക്തിയായിരുന്നു സൈറസ് മിസ്ത്രി.

ടാറ്റ സണ്‍സിന്റെ 18.4 ശതമാനം ഓഹരികള്‍ സ്വന്തമായുണ്ടായുള്ള ഷാപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ പ്രതിനിധിയായി, 2006 -ല്‍ അച്ഛന്‍ പല്ലോണ്‍ജി മിസ്ത്രി വിരമിച്ച ഒഴിവിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകുന്നത്. ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തേക്ക് നിയമിതനാവാന്‍ സൈറസ് മിസ്ത്രി വിമുഖത കാണിച്ചെങ്കിലും രത്തന്‍ ടാറ്റ ഉള്‍പ്പെടെയുള്ളവരുടെ പ്രേരണ മൂലം അദ്ദേഹം 2012 ല്‍ ടാറ്റ ഗ്രൂപ്പിന്റെ തലവനായി. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം, 2016 ഒക്ടോബറില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ബോര്‍ഡ് മീറ്റിങ്ങില്‍ നടന്ന അട്ടിമറിയിലൂടെ സൈറസ് മിസ്ത്രിയുടെ അധികാരം നഷ്ടപ്പെട്ടു. പുതിയ ചെയര്‍മാനായി എന്‍ ചന്ദ്രശേഖര്‍ എത്തുന്നതുവരെ ഗ്രൂപ്പിനെ നയിക്കാന്‍ രത്തന്‍ ടാറ്റ തിരിച്ചെത്തി. ഇന്നും അതിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ടാറ്റ ഗ്രൂപ്പ് ഇനിയും തയ്യാറായിട്ടില്ല.

അപ്രതീക്ഷിതമായ പുറത്താക്കലിന്റെ കാരണം അറിയാന്‍ സൈറസ് മിസ്ത്രി കോടതി കയറി ഇറങ്ങി. ഇതിനെതിരെ നിയമപോരാട്ടം തുടരുന്നതിനിടെയാണ് ഇപ്പോള്‍ മിസ്ത്രിയുടെ അപകടമരണം. ടാറ്റ ഗ്രൂപ്പില്‍ നിന്നും പുറത്തു കടന്നതിന് ശേഷവും, ടാറ്റ സണ്‍സിന്റെ 18 ശതമാനത്തിലധികം ഓഹരി കൈവശമുള്ള മിസ്ത്രി കുടുംബം പലപ്പോഴും ടാറ്റ ഗ്രൂപ്പുമായി തര്‍ക്കത്തിലായി.

മഹാരാഷ്ട്രയിലെ മുംബൈയില്‍ ഒരു പാഴ്‌സി കുടുംബത്തിലാണ് മിസ്ത്രി ജനിച്ചത്. ഇന്ത്യന്‍ കോടീശ്വരനും നിര്‍മ്മാണ വ്യവസായിയുമായ പല്ലോന്‍ജി മിസ്ത്രിയുടെ ഭാര്യ പാറ്റ്‌സി പെരിന്‍ ദുബാഷിന്റെ ഇളയ മകനായിരുന്നു സൈറസ് മിസ്ത്രി. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം മുംബൈയിലെ പ്രശസ്തമായ കത്തീഡ്രലിലും ജോണ്‍ കോണണ്‍ സ്‌കൂളിലും വിദ്യാഭ്യാസം നടത്തി.

1991-ല്‍ അദ്ദേഹം കുടുംബ ബിസിനസില്‍ പ്രവേശിച്ചു, 1994-ല്‍ തന്റെ കുടുംബം നടത്തുന്ന അറിയപ്പെടുന്ന കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായ ഷാപ്പൂര്‍ജി പല്ലോണ്‍ജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി. സൈറസ് മിസ്ത്രിക്ക് ഷാപൂര്‍ മിസ്ത്രി എന്ന മൂത്ത സഹോദരനും ലൈല, ആലു എന്നീ രണ്ട് സഹോദരിമാരുമുണ്ട്. 1992-ല്‍ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രമുഖ അഭിഭാഷകരില്‍ ഒരാളായ ഇഖ്ബാല്‍ ചഗ്ലയുടെ മകള്‍ രോഹിഖ ചഗ്ലയെ വിവാഹം കഴിച്ചു. ഈ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here